തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ ഏഴ് ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വിദേശത്തു നിന്നെത്തുന്നവര്‍ കോവിഡ് പോസിറ്റീവായാല്‍ ജനിതക മാറ്റം ഏതെന്നു കണ്ടുപിടിക്കാന്‍ സാംപിള്‍ അയയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരില്‍ അഞ്ച് വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.
ഇവര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്വാറന്റീന്‍ തീരുമ്പോഴും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.