കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകള്‍ പൊലീസ് വിശദമായി അന്വേഷിക്കും. സൈജു ദുരുപയോഗം ചെയ്ത പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികളില്‍ ഇയാള്‍ ലഹരി മരുന്നു വിതരണം ചെയ്തതായാണ് കണ്ടെത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു രാസലഹരി എത്തിച്ചു വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ പൊലീസ് ഇയാളില്‍ നിന്നു കണ്ടെത്തി.
സൈജുവിന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സൈജുവിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷണ പരിധിയിലുണ്ട്. ലഹരി ഇടപാടുകള്‍ വഴി ഇയാള്‍ വന്‍ തുക സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. നഗരത്തിലെ വന്‍കിട ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികള്‍ സൈജുവിന്റെ നേതൃത്വത്തിലായിരുന്ന നടന്നിരുന്നത്.