കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവര്‍ത്തകരായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ഗോട്ടെ ക്യാമ്പ് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക അറസ്റ്റ്.
പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിബിഐ ഡിവൈഎസ്പി ആനന്ത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യം തള്ളിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത് 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍.