കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രമണം. 19 വിദ്യാര്‍ത്ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യൂണിവേഴ്സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്ഫോടനം നടത്തുകയും പിന്നീട് ക്യാംപസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിക്കാന്‍ സാധിച്ചത്.
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.