തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ തമിഴ്നാട് വീണ്ടും തുറന്നു. ഇതിനെ തുടര്‍ന്ന് പെരിയാര്‍ ഭാഗത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പ് കൂടാതെ രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന തമിഴ്നാടിന്റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
'ചെയ്യാന്‍ പാടില്ലാത്തതാണ് തമിഴ്‌നാട് ചെയ്തത്. തമിഴ്നാടിന്റെ ഈ പ്രവർത്തി സുപ്രീം കോടതിയെ അറിയിക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും' മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം പരമാവധി ഉയരത്തില്‍ എത്തുമ്പോള്‍ തമിഴ്നാട് സ്ഥിരമായി രാത്രി ഷട്ടര്‍ ഉയര്‍ത്തുന്നത് പെരിയാറിന് സമീപത്ത് താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടും രാത്രിയില്‍ ഷട്ടര്‍ ഉയര്‍ത്തുന്നത് തമിഴ്നാട് ഉദ്യോഗസ്ഥര്‍ തുടരുകയാണ്.