ഗോഹട്ടി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷ്ടിക്കപ്പെട്ട ഹെറിറ്റേജ് ഹബ്ലോട്ട് റിസ്റ്റ് വാച്ച് കണ്ടെടുത്ത അസമില്‍ നിന്ന് പോലീസ് മറഡോണയുടേതെന്ന് പറയപ്പെടുന്ന മറ്റ് നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തു. രണ്ട് ഐപാഡുകള്‍, ഒരു ജാക്കറ്റ്, ഒരു ടി-ഷര്‍ട്ട്, രണ്ട് ജോഡി ഷൂസ്, ഒരു കളിപ്പാവ, രണ്ട് സ്‌ക്വാഷ് റാക്കറ്റുകള്‍, ഒരു വാച്ച്, ആറ് ലൈറ്ററുകള്‍, വാസ്ലിന്‍ തുടങ്ങിയവ കണ്ടെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെടുക്കുന്നതിന് പ്രതിയായ വസീദ് ഹുസൈന്റെ ഖുമാതായി - മൊറാന്‍ഹാട്ടിലെ ഭാര്യാ സഹോദരന്റെ വസതിയില്‍ പോലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ഇവയെല്ലാം കിട്ടിയതെന്ന് ശിവസാഗര്‍ പോലീസ് സൂപ്രണ്ട് രാകേഷ് റൗഷന്‍ പറഞ്ഞു. ഇതില്‍ എത്രത്തോളം മറഡോണയുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഫുട്‌ബോള്‍ താരത്തിന്റെ ദുബായിലെ വീട്ടില്‍ വീട്ടുജോലിക്കാരനായിരുന്നു വസീദ് ഹുസൈന്‍. ''ദുബായ് പോലീസിന് അയാളെ വേണമെങ്കില്‍, ഞങ്ങള്‍ അവനെ വിട്ടുകൊടുക്കും. ഇല്ലെങ്കില്‍, ഇവിടെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കും, ''-പോലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.