ന്യൂയോര്‍ക്ക്: കൊറോണ പ്രതിസന്ധി മൂലം ലോകത്താകമാനം 50 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ. രണ്ടു ദശകമായി രൂപപ്പെട്ടു വന്ന സന്തുലിതാവസ്ഥ കൊറോണ മൂലം തകിടം മറിഞ്ഞു.ചികില്‍സാ ചെലവുകള്‍ കുതിച്ചുകയറി. അസന്തുലിതാവസ്ഥ ആരോഗ്യ ഭക്ഷ്യരംഗത്തെ സുരക്ഷയെ കാര്യമായി ബാധിച്ചെന്നും സഹായിക്കാന്‍ സാധിക്കുന്ന പലരാജ്യങ്ങള്‍ക്കും കൊറോണ ബാധ മൂലം മുന്നേറാനാകുന്നില്ലെന്നും യു.എന്‍ ദരിദ്ര സൂചികയുടെ അവലോകനത്തിലൂടെ ചൂണ്ടിക്കാട്ടി.
1930ന് ശേഷം കടന്നുപോകുന്ന ഏറ്റവും മോശം സാമ്പത്തിക അവസ്ഥയെയാണ് നാം നേരിടുന്നത്. ഇവിടെ വേണ്ടത് പരസ്പര സഹായമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസിസും ആരോഗ്യരംഗത്തെ സമഗ്രമായ റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു.
അന്താരാഷ്ട്ര ആരോഗ്യ സമഗ്രവിശകലന പരിപാടിയുടെ ഭാഗമായാണ് അവലോകനം പുറത്തുവിട്ടത്. കൊറോണ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നമുക്ക് ആഗോള തലത്തിലെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാവരുടേയും ശാരീരികവും മാനസികവുമായ ആരോഗ്യം കാര്യമായി ശ്രദ്ധിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നല്‍കി. ആഗോളതലത്തില്‍ ചെറുരാജ്യങ്ങളിലടക്കം മികച്ച മുതല്‍മുടക്ക് ആരോഗ്യരംഗത്ത് ആവശ്യമാണ്. ഗ്രാമീണ മേഖലകളില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതലുണ്ടാകണം. ഒരു ജനവിഭാഗവും അവഗണിക്കപ്പെട്ടുപോകരുതെന്നും ഗുട്ടെറസ് പറഞ്ഞു.