കൊളംബോ:ലോകത്തിലെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന, 310 കിലോഗ്രാം ഭാരമുള്ള പ്രകൃതി ദത്ത ഇന്ദ്രനീലക്കല്ല് ശ്രീലങ്കയില്‍ പ്രദര്‍ശനത്തിന്. 300 കിലോയില്‍ കൂടുതല്‍ ഭാരമുള്ള രത്നക്കല്ല് അപൂര്‍വ്വമെന്ന് വിദഗ്ധര്‍ പറയുന്നു.ഹൊറാനയിലെ ഒരു രത്ന വ്യാപാരിയുടെ വീട്ടിലാണ് 'ഏഷ്യയുടെ രാജ്ഞി' എന്ന് നാമകരണം ചെയ്ത് ഇത് പ്രദര്‍ശിപ്പിച്ചത്.
മൂന്ന് മാസം മുന്‍പ് തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള രത്നപുര എന്ന സ്ഥലത്ത് നടത്തിയ ഖനനത്തിലാണ് ഭീമാകാരമായ ഈ നീല രത്‌നം കണ്ടെത്തിയത്. ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷമാണ് ഏഷ്യയുടെ രാജ്ഞിയെ പ്രദര്‍ശനത്തിനായി വച്ചത്. കല്ലിന്റെ മൂല്യവും മറ്റും അറിയുന്നതിനായാണ് ഇത്രനാള്‍ കാത്തിരുന്നതെന്നാണ് വിവരം.സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ജെം ആന്‍ഡ് ജ്വല്ലറി അതോറിറ്റിയുടെ സാക്ഷ്യത്തോടെ ഈ അമൂല്യ രത്‌നക്കല്ല് വില്‍ക്കാനാണു നീക്കം.
രത്നങ്ങളുടെ തലസ്ഥാനം എന്നാണ് രത്നപുര അറിയപ്പെടുന്നത്. രത്നപുരയില്‍ നിന്നും ധാരാളം രത്നങ്ങള്‍ ഇതിന് മുന്‍പും ഖനനത്തില്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസികള്‍ വളരെ യാദൃച്ഛികമായാണ് ഈ കല്ല് കണ്ടെത്തിയതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ദ്രനീലം ഉള്‍പ്പടെ മറ്റ് പല അമൂല്യ രത്നങ്ങളും പ്രദേശത്ത് നിന്ന് വലിയ തോതില്‍ കയറ്റുമതി ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം രത്നങ്ങള്‍, വജ്രം തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ശ്രീലങ്കയ്ക്ക് 50 കോടി രൂപയുടെ വരുമാനം ലഭിച്ചെന്നാണ് കണക്ക്.