വെല്ലിംഗ്ടണ്‍: 24 മണിക്കൂറിനിടെ പത്തു ഡോസ് കോവിഡ് വാക്സിനെടുത്ത് യുവാവ്. ഒരു ദിവസം പത്തിടങ്ങളില്‍ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതെന്നാണു വിവരം. ന്യൂസിലന്‍ഡിലാണ് അത്യധികം അപകടകരമായ രീതിയില്‍ ഡോസുകള്‍ സ്വീകരിച്ച സംഭവമുണ്ടായത്.
സംഭവത്തില്‍ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. പലരും കോവിഡ് വാക്സിനായി അലയുകയും ചിലരെങ്കിലും മടിച്ചു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇയാള്‍ ഒരു ദിവസം തന്നെ പത്തുവട്ടം വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ ഈ രീതിയില്‍ അമിതമായി വാക്സിന്‍ സ്വീകരിക്കുന്നത് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാകുന്നത്ര ഗൗരവതരമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
'വിഷയം ഏറെ ഗൗരവത്തോടെയാണ് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം കാണുന്നത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തും. വളരെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഇത്തരത്തില്‍ പലവട്ടം വാക്‌സിന്‍ എടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് ആരോഗ്യമന്ത്രാലയത്തെ അറിയിക്കാനും പൊതുജനം തയാറാകണം'-ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയം കോവിഡ് വാക്‌സിന്‍ ഗ്രൂപ്പ് മാനേജര്‍ അസ്ട്രിഡ് കൂര്‍നിഫ് പ്രതികരിച്ചു.
അതേസമയം ഇത്തരത്തിലുള്ള കേസുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ കൈയ്യില്‍ വ്യക്തമായ രേഖകള്‍ ഒന്നും നിലവില്‍ ഇല്ലെന്നും വാര്‍ത്തയുണ്ട്. അതേസമയം ഇത്തരത്തില്‍ വാക്‌സിനെടുത്ത വ്യക്തി സ്വാര്‍ത്ഥതയാണു കാണിക്കുന്നതെന്നും സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കുന്നുവെന്നാണ് ഓക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ നിക്കി ടെണര്‍ പ്രതികരിച്ചത്.