ഫസല്‍ ഗഫൂറിന്റെ വാദം പൊളിഞ്ഞു: എംഇഎസിന്റെ കോളജ് വഖഫ് ഭൂമിയില്‍; ഒഴിപ്പിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

ഫസല്‍ ഗഫൂറിന്റെ വാദം പൊളിഞ്ഞു: എംഇഎസിന്റെ കോളജ് വഖഫ് ഭൂമിയില്‍; ഒഴിപ്പിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട്: വഖഫ് ഭൂമിയില്‍ സ്ഥാപിച്ച എംഇഎസിന്റെ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കുന്നതിനാണ് ഉത്തരവ്. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയില്‍ തന്നെയാണന്ന് വിലയിരുത്തി.

അതേസമയം കോളജ് പ്രവര്‍ത്തിക്കുന്ന ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തതാണ് എന്നാണ് എംഇഎസ് ട്രൈബ്യൂണലില്‍ വാദിച്ചത്. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന വാദമായിരുന്നു ബോര്‍ഡ് ഉയര്‍ത്തിയത്. കോളേജ് പ്രവര്‍ത്തിക്കുന്ന ഭൂമി എംഇഎസ് 45 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.