ബിജെപി അധികാരത്തിലുള്ള ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള മതം മാറ്റ നിരോധന നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയേറുന്നു. മതപരവും വര്‍ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുര്‍വിനിയോഗത്തിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് അടുത്ത കാലത്ത് രാജ്യത്തുണ്ടാകുന്നത്.
അതിന് വ്യക്തമായ തെളിവാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ (നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് - എന്‍.സി.പി.സി.ആര്‍) ചെയര്‍മാന്‍ പ്രിയങ്ക് കാനോങ്കോയുടെ നേതൃത്വത്തില്‍ ഒരുമാസം മുന്‍പ് മധ്യപ്രദേശിലെ ഇന്റ്‌ഖേരിയില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തി വന്നിരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലും ഇക്കഴിഞ്ഞ 13 ന് ഗുജറാത്തിലെ വഡോദരയില്‍ മകര്‍പുര എന്ന സ്ഥലത്ത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതി മന്ദിരത്തിലും നടത്തിയ മിന്നല്‍ പരിശോധനയും അനുബന്ധ സംഭവങ്ങളും.
ഈ സ്ഥാപനങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന വിചിത്രമായ ആരോപണമുന്നയിച്ച പ്രിയങ്ക് കാനോങ്കോ അത്തരത്തിലുള്ള തന്റെ സംശയങ്ങള്‍ സൂചിപ്പിച്ച് അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കുകയും തുടര്‍ അന്വേഷണവും നടപടികളും ആവശ്യപ്പെടുകയുമായിരുന്നു.
പരിശോധനകളില്‍ ബൈബിളുകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും തങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ അവ ഇരു സ്ഥാപനങ്ങളിലുമുള്ള സന്യസ്തര്‍ക്കും അപൂര്‍വ്വമായുള്ള ക്രിസ്ത്യന്‍ അന്തേവാസികള്‍ക്കും വേണ്ടിയുള്ളതായിരുന്നു. സ്ഥാപന അധികൃതര്‍ അക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ചെയര്‍മാന് ബോധ്യമായില്ല.
രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയും യുക്തി രഹിതമായ കുറ്റാരോപണങ്ങള്‍ നടത്തി കേസ് ചാര്‍ജ്ജ് ചെയ്യാന്‍ കാരണമായത് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ദുരൂഹമായ ഇടപെടല്‍ മാത്രമാണെന്നാണ് പരക്കെയുള്ള ആരോപണം. മാത്രമല്ല, അത്തരമൊരു പരിശോധനയില്‍ നിര്‍ബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങള്‍ പലതും പാലിച്ചിരുന്നില്ല.
ചില മുന്‍വിധികളോടെയാണ് പരിശോധന നടന്നതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. ഇന്റ്‌ഖേരിയിലെ പെണ്‍കുട്ടികള്‍ മാത്രമുള്ള ഹോസ്റ്റലില്‍ പരിശോധന നടത്തിയത് വനിതാ ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും സാന്നിധ്യമില്ലാതെ നിയമ വിരുദ്ധമായാണെന്നും ആരോപണമുണ്ട്.
രണ്ട് സംഭവങ്ങളിലും ജില്ലാ കലക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ സംയുക്തമായും അല്ലാതെയും വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള തങ്ങളുടെ സംതൃപ്തിയും അഭിനന്ദനങ്ങളും സിസ്റ്റേഴ്സിനെ അറിയിക്കുകയും ചെയ്തു.
തങ്ങളുടെ അന്വേഷണങ്ങളിലോ, തുടര്‍ പരിശോധനകളിലോ, അന്തേവാസികളെ ചോദ്യം ചെയ്തതിലോ അസ്വാഭാവികമായോ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലോ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവര്‍ തന്നെ സിസ്റ്റേഴ്സിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇരു സംഭവങ്ങളിലും തങ്ങള്‍ക്കെതിരെ കേസ് എടുത്തതായാണ് സിസ്റ്റേഴ്‌സ് അറിഞ്ഞത്. വാസ്തവ വിരുദ്ധമാണെന്ന് പരിശോധകര്‍ക്ക് ബോധ്യപ്പെട്ട അതേ കുറ്റങ്ങള്‍ തന്നെയാണ് രണ്ട് സ്ഥാപനങ്ങള്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്.
തങ്ങള്‍ക്ക് മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കേസെടുക്കാന്‍ നിര്‍ബന്ധിതരായി എന്ന് പരിചയക്കാരായ ചില ഉദ്യോഗസ്ഥര്‍ സിസ്റ്റേഴ്സിനോട് പിന്നീട് തുറന്ന് പറയുകയുണ്ടായി. ഒരുമാസം മുമ്പ് നടന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്റ്‌ഖേരിയില്‍, ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന ഹോസ്റ്റല്‍ പൂട്ടിയിടാന്‍ സന്യസ്തര്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ഇത്തരത്തില്‍ ഗുജറാത്തിലെ അഗതി മന്ദിരവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അടച്ചുപൂട്ടിക്കാനാണ് ചില വര്‍ഗീയ വാദികളുടെ ശ്രമം.
കത്തോലിക്കാ സന്യസ്തരുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളില്‍ രണ്ടെണ്ണമാണ് ഇന്റ്‌ഖേരിയിലെയും മകര്‍പുരയിലേയും അഗതി മന്ദിരങ്ങള്‍. രണ്ടും ഉള്‍ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്നവയാണ്. അവിടെ കഴിഞ്ഞിരുന്നവര്‍ക്ക് മറ്റൊരാശ്രയവും ഇല്ലെന്നും ഇറങ്ങി പോകേണ്ടി വന്നാല്‍ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി മനസിലാക്കിയ അധികാരികള്‍ തന്നെയാണ് അവ അടച്ചുപൂട്ടിക്കാന്‍ കരുക്കള്‍ നീക്കുന്നത്.
ഇരു സംഭവങ്ങളിലും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ഇടപെടലുകളെ സ്വാഭാവികമായി കാണാനാവില്ല. രണ്ട് അവസരങ്ങളിലും വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും തങ്ങള്‍ക്ക് മേല്‍ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് സമ്മതിക്കുമ്പോള്‍ ആസൂത്രിതമായ കരുനീക്കങ്ങളാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ന് വ്യക്തം.
അതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത പക്ഷം നൂറുകണക്കായ സന്നദ്ധ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ സൈ്വര്യ ജീവിതത്തെയും കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.