തിരുവനന്തപുരം: വാഗ്‌ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി. അബ്ദുൽറഹ്മാൻ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10 മണിക്കാണ് ചര്‍ച്ച.
ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ചര്‍ച്ചയില്‍ അനുകൂലമായ സമീപനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ തീരുമാനം.