പാലക്കാട്: മുസ്ലിം മതമൗലികവാദികള്‍ പിന്തുടരുന്നത് താലിബാന്‍ മാതൃകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ലെന്ന് അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് അതിന്റെ ഉദാഹരണമാണ്. സംസ്ഥാനത്ത് മുസ്ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
മുത്തലാക്ക്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികള്‍ പിന്തുടരുന്നത്. യുഡിഎഫില്‍ നിന്ന് ലീഗും അവര്‍ക്ക് പിന്തുണയായി ജമാഅത്തെ ഇസ്ലാമിയും ഇത്തരം നീക്കം നടത്തുമ്പോള്‍ മറുവശത്ത് സിപിഎമ്മിനെ സഹായിക്കുന്ന മുസ്‌ലിം സംഘടനകളും അതേ മാര്‍ഗം സ്വീകരിക്കുന്നുവെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
സജിത്ത് കൊലപാതക കേസില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് വഴിവിട്ട് സഹായിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പോലും പ്രഹസനമാണ്. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ വിവരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറിയിക്കുന്നുണ്ട്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തില്‍ പൊലീസിനെ പിറകോട്ടു വലിക്കുന്നത്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക, ദ്രോഹിക്കുക എന്ന സമീപനമാണ് സര്‍ക്കാറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നടക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.