തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം.
ബസ് ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാരിന്റേത് അനുകൂല നിലപാടാണെന്നും അനിശ്ചിതകാല സമരം 21 മുതല്‍ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, മിനിമം ചാര്‍ജ് 12 രൂപ ആക്കണം, കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ആവശ്യങ്ങളില്‍ മേല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ ബസ് ഉടമകളുടെ സംഘടന സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു.