അബുദബി: എമിറേറ്റിലേക്കുളള പ്രവേശനത്തിന് ഞായറാഴ്ച മുതല്‍ ഇഡിഇ സ്കാനിംഗ് ആരംഭിച്ചു. രണ്ട് സെക്കന്‍റില്‍ പൂർത്തിയാക്കാന്‍ കഴിയുന്നതാണ് ഇഡിഇ കോവിഡ് പരിശോധന. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടപ്പിലാക്കുന്നത്. അതിർത്തി കടന്നെത്തുന്നവരുടെ മുഖത്തിന് നേരെ പിടിക്കാവുന്ന ചെറു ഉപകരണമുപയോഗിച്ചാണ് പരിശോധന പൂർത്തിയാക്കുന്നത്. കോവിഡ് രോഗമുണ്ടെന്നുളള സൂചന ലഭിച്ചാല്‍ അടുത്തുളള ആന്‍റിജന്‍ പരിശോധനാകേന്ദ്രത്തിലേക്ക് അയക്കും. സൗജന്യമായാണ് പരിശോധന നടത്തുന്നത്. ആൻറിജന്‍ പരിശോധനയില്‍ പോസിറ്റിവ് ഫലം കാണുന്ന അബൂദബി എമിറേറ്റിന് പുറത്തുള്ളവരെ എവിടെ നിന്നാണോ വരുന്നത് അവിടേക്ക് തിരിച്ചയക്കം. ഒപ്പം അതത് എമിറേറ്റുകളിലെ ആരോഗ്യവിഭാഗത്തിലേക്ക് ഫലം അറിയിക്കുകയും ചെയ്യും.അബുദബിയിലുളളവരാണെങ്കില്‍ ആരോഗ്യനിദ്ദേശങ്ങള്‍ അനുസരിച്ച് തുടർ നടപടികളുണ്ടാകും. റിസ്റ്റ് വാച്ചും ധരിപ്പിക്കും. ഷോപ്പിങ് മാളുകളിലും വിമാനത്താവളങ്ങളിലും നേരത്തേമുതല്‍ ഇ.ഡി.ഇ സ്കാനറുകള്‍ അബൂദബിയില്‍ സജ്ജമാക്കിയിരുന്നു.