തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയ്‌ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നഷ്ടപരിഹാരത്തിന് അര്‍ഹയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് സര്‍ക്കാരുമായി ആലോചിച്ച് മറുപടി നല്‍കണമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചത്.
വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസുകാരിയേയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു.
ഗുരുതരമായ തെറ്റു ചെയ്‌തെന്ന് വ്യക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശകമ്മീഷനും ഇടപെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലം മാറ്റിയതല്ലാതെ മറ്റൊരു നടപടിയും ഉദ്യോഗസ്ഥയ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.