ഷാർജ: മുൻ മന്ത്രിയും സി. എം. പി. നേതാവുമായിരുന്ന എം. വി. രാഘവന്റെ പേരിലുള്ള ആറാമത് 'എം. വി. ആർ. സ്മൃതി പുരസ്‌കാരം' പ്രഖ്യാപിച്ചു. മാധ്യമ, സാമൂഹിക പ്രവർത്തന മേഖലകളിലെ മികവിനാണ് പുരസ്‌കാരങ്ങൾ. 2021- ലെ മികച്ച മാധ്യമ പ്രവർത്തനത്തിന് മനോരമ ന്യൂസ് ടി. വി. യുടെ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമനാണ് പുരസ്‌കാരം. സാമൂഹിക പ്രവർത്തനത്തിന് യു. എ. ഇ. യിൽ നിന്നും കണ്ണൂർ പയ്യന്നൂർ സ്വദേശി വി. പി. ശശികുമാർ പുരസ്കാരത്തിന് അർഹനായി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, ഇ. ടി. പ്രകാശ് എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവർക്കും 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരിയിൽ ഷാർജയിൽ വെച്ച് സമ്മാനിക്കും. അജയ് എസ് പിള്ള, അഡ്വ. ഫെമിൻ പണിക്കശേരി, സുനിൽരാജ്, റോയ് മാത്യു എന്നിവരും പുരസ്കാര പ്രഖ്യാപനത്തിൽ പങ്കെടുത്തു.