എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാര്‍ പരിശോധിക്കുകയാണ്. ഇത് പ്രതികള്‍ ഉപയോഗിച്ച കാര്‍ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാന്‍ കേസില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.

ഷാന്‍ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവര്‍. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചു. ഗൂഢാലോചനയില്‍ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. പറഞ്ഞു.

രണ്ടുപേരും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ്. കേസില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.