ലണ്ടന്‍: ഒന്നരവയസുകാരി അതിക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ കീഗ്ലിയിലാണ് 16 മാസം പ്രായമുള്ള സ്റ്റാര്‍ ഹോബ്സണ്‍ എന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. മാസങ്ങള്‍ നീണ്ട അവഗണനയ്ക്കും മര്‍ദത്തിനുമൊടുവിലാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.
കേസില്‍ സ്വവര്‍ഗാനുരാഗികളായ ദമ്പതികളായ അമ്മ ഫ്രാങ്കി സ്മിത്തും പങ്കാളി സവന്ന ബ്രോക്ക്ഹില്ലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിന്റെ താടിയെല്ലിനും വാരിയെല്ലിനും തലയോട്ടിക്കും പൊട്ടലുകള്‍ ഉണ്ടായിരുന്നു. വയറില്‍ ശക്തമായ പ്രഹരമോ അടിയോ ഏറ്റതായും പ്രോസിക്യൂട്ടര്‍ അലിസ്റ്റര്‍ മക്ഡൊണാള്‍ഡ് ക്യുസി പറഞ്ഞു.
കുഞ്ഞിന് പരിക്കേറ്റിട്ടും ഫ്രാങ്കി സ്മിത്തും സവന്ന ബ്രോക്ക്ഹില്ലും അടിയന്തര മെഡിക്കല്‍ സഹായം തേടാന്‍ വൈകിയതായും കോടതി കണ്ടെത്തി.
സവന്ന ബ്രോക്ക്ഹില്ലിന്റെ മാരകമായ മര്‍ദനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 22-നാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങള്‍ തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് മരണകാരണമായത്. ദ്രുതഗതിയിലാണ് കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.
സവന്ന ബ്രോക്ക്ഹില്ലിന് കൊലപാതക കുറ്റത്തിന് 25 വര്‍ഷം തടവും ഫ്രാങ്കി സ്മിത്തിന് എട്ട് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്കൊപ്പമുള്ള കുഞ്ഞിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
കുഞ്ഞ് അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ച് പലരും പലപ്പോഴായി അറിയിച്ചെങ്കിലും പോലീസും സാമൂഹിക സേവന വിഭാഗവും ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഫ്രാങ്കി സ്മിത്തിന്റെ സുഹൃത്തുക്കളും ഇരുവരുടെയും ബന്ധുക്കളും കുഞ്ഞിന്റെ അവസ്ഥ അറിയിച്ചെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാനും അധികൃതര്‍ തയ്യാറായില്ല.
കുഞ്ഞിന്റെ പിതാവ് നേരത്തെ ഫ്രാങ്കി സ്മിത്തുമായി വേര്‍പിരിഞ്ഞിരുന്നു.