ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം; നിരോധനാജ്ഞ 22 വരെ നീട്ടി

ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം; നിരോധനാജ്ഞ 22 വരെ നീട്ടി

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വകക്ഷി യോഗം ഇന്ന്. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ വെച്ച് യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന യോ​​ഗത്തില്‍ ബിജെപി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് യോ​ഗം മാറ്റിയത്. ബിജെപി ഇന്ന് പങ്കെടുക്കും.

അതേസമയം ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്. ഇതു സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.