നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

കാസര്‍കോട്: നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി ആദ്യം പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എംവി ഗോവിന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ഒരു മണിക്ക് പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ എത്തിചേരും.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. 3.30നാണ് ബിരുദാന ചടങ്ങുകള്‍ ആരംഭിക്കുക. 2018-2020 ബാച്ചിന്റെ ബിരുദ ദാന സമ്മേളനത്തില്‍ 742 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക.

ചടങ്ങില്‍ സംബന്ധിക്കാന്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി കൊച്ചിയിലും, തിരുവനന്തപുരത്തും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത ശേഷം വെളളിയാഴ്ച ഡല്‍ഹിക്ക് മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.