ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രണ്‍ജീത് വധക്കേസില്‍ എസ്ഡിപിഐയുടെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കസ്റ്റഡിയില്‍. സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നഗരസഭയിലെ ഏക എസ്ഡിപിഐ പ്രതിനിധിയാണ് സലിം.
ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാള്‍ രാവിലെ ആറു മണിവരെ നീട്ടി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹന പരിശോധന കര്‍ശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്റ് നിലവിലുളള സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.