പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക ഹൈക്കോടതിയിലേക്ക്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ള അപേക്ഷ തയ്യാറാക്കുന്നതിന്റെ പിന്നിലായിരുന്നു കുടുംബം. അടുത്ത ദിവസം തന്നെ ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നവംബർ 15ന് രാവിലെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ മൂന്ന് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. കൃത്യത്തിൽ പങ്കെടുത്ത ഒരാൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. ബാക്കി അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസിന് കഴിയുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ ബിജെപിയും സഞ്ജിത്തിന്റെ കുടുംബവും രംഗത്തുവന്നിരുന്നു. പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കാൻ കുടുംബം തയ്യാറെടുക്കുന്നത്.