ബീജിങ്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ സിയാന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ടെറാകോട്ട ശില്‍പ്പ നിര്‍മ്മിതിക്കും വിപണനത്തിനും പേരു കേട്ട ഈ മേഖലയിലെ 13 ദശലക്ഷം പേരുടെ ജീവിതമാണ് ഇതോടെ ഏകദേശ സ്തംഭനത്തിലായത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.ഡിസംബര്‍ 9 മുതല്‍ നഗരത്തില്‍ 143 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലു മുതല്‍ വിന്റര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കേണ്ടതിനാലാണ് ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു വീട്ടില്‍നിന്ന് രണ്ടു ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം. ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ അടച്ചു. നഗരത്തിലേക്കുള്ള റോഡുകളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു.
സിയാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും റദ്ദാക്കി. അത്യാവശ്യമല്ലാത്ത ബിസിനസുകള്‍ അടച്ചു. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. മുന്‍കരുതലെന്നോണം ബാറുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍ തുടങ്ങിയവ കഴിഞ്ഞ വാരാന്ത്യത്തില്‍ അടച്ചിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ എത്രനാള്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല.