ന്യൂഡല്‍ഹി: 2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.
ഇപ്പോള്‍ നിലവില്‍ 125 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുകയുമാണ് എബിഎസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്.
സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളില്‍ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു.