ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ താവളങ്ങള്‍ തവിടുപൊടി; കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ താവളങ്ങള്‍ തവിടുപൊടി; കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ പാക് അധീന കാശ്മീരിലെ രണ്ട് പ്രധാന ഭീകര താവളങ്ങള്‍ക്ക് വന്‍തോതില്‍ നാശനഷ്ടം ഉണ്ടായെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. ലക്ഷ്യമിട്ട താവളങ്ങള്‍ കൃത്യമായി തകര്‍ക്കപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍.

ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണുകളാണ് ലക്ഷ്യമിട്ടതെന്നാണ് നിഗമനം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിലെ താംഗ്ധറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള മുസാഫറബാദിലെ സെയ്ദ്ന ബിലാല്‍ ക്യാമ്പ്, ജമ്മുവിലെ രജൗറിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കോട്ലി ഗുല്‍പുര്‍ ക്യാമ്പ് എന്നി ഭീകര താവളങ്ങളുടെ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മെയ് ഏഴിനാണ് രണ്ടിടത്തും ഇന്ത്യയുടെ ആക്രമണം ഉണ്ടായത്. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാനിലേയും പാക് അധീന കാശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദിലെ സെയ്ദ്ന ബിലാല്‍ ക്യാമ്പ് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ താവളമാണ്. ഭീകര സംഘത്തിലെത്തുന്നവര്‍ക്കുള്ള പരിശീലന കേന്ദ്രം കൂടിയാണിത്. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും പ്രയോഗം, വന പ്രദേശങ്ങളിലെ അതിജീവനം തുടങ്ങിയ കാര്യങ്ങളിലുള്ള പരിശീലനമാണ് ഇവിടെ നല്‍കിവരുന്നത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ ഈ ഭീകരതാവളത്തിന് കാര്യമായ കേടുപാട് സംഭവിച്ചുവെന്ന് വ്യക്തമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും ചുമരുകള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചുള്ളതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.