കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത്. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് 'കബനീ ദള'ത്തിന്റേതെന്ന പേരില്‍ തപാല്‍ വഴിയെത്തിയ കത്തിലുളളത്. ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് പ്രധാന ഭീഷണി.
മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോ.പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടുളള പരാമര്‍ശങ്ങളാണ് പിന്നീട് കത്തിലുളളത്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുളള പോസ്റ്റ് ബോക്‌സില്‍ ഇന്ന് പോസ്റ്റ് ചെയ്ത നിലയിലായിരുന്നു കത്ത്. തുടര്‍ന്ന് വി.സിയുടെ ഓഫീസിലെത്തിയ കത്ത് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മാവോയിസ്റ്റ് സംഘത്തിന്റെ പേരിലാണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായത്. സംഭവത്തിൽ പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.