സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിത 57 ആയി

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിത 57 ആയി

തിരുവനന്തപുരം: കേരളത്തിൽ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 57 ആയി.

എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ (മൂന്ന്), യുഎഇ (രണ്ട്), അയര്‍ലാന്‍ഡ് (രണ്ട്), സ്‌പെയിന്‍ (ഒന്ന്), കാനഡ (ഒന്ന്), ഖത്തര്‍ (ഒന്ന്), നെതര്‍ലാന്‍ഡ് (ഒന്ന്) എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ (ഒന്ന്), ഖാന (ഒന്ന്), ഖത്തര്‍ (ഒന്ന്) എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.

സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.