കൊല്ലം: കൊല്ലം ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ന് ദേശീയ പാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കിലായിരുന്നു അപകടം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ലോറിയിലിടിച്ചാണ് അപകടം.
പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് ബേപ്പൂരിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
മിനി ബസിലുണ്ടായിരുന്നവരില്‍ 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ മിനി ബസ് നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തില്‍ പെട്ട മിനി ബസിലുണ്ടായിരുന്നത്.