തിരുവനന്തപുരം: കണ്ണൂര്‍ വി.സി വിവാദത്തില്‍ സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇന്നലെ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.
നോട്ടീസ് സര്‍ക്കാരിന് കൈമാറാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നോട്ടീസ് സര്‍വകലാശാല ചാന്‍സലര്‍ക്കാണെന്നും എട്ടാം തീയതി മുതല്‍ താന്‍ ചാന്‍സലര്‍ അല്ലെന്നും ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞു. നോട്ടീസില്‍ സര്‍ക്കാര്‍ തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്.