ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാരില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചിലരെ പിസിആർ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നിർദ്ദേശം. നിലവില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളത്തില്‍ കോവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ബംഗ്ലാദേശ്, റഷ്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരും നിർബന്ധമായും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രാക്കാരില്‍ നിന്നും തെരഞ്ഞെടുത്ത ചിലരിലും പിസിആർ പരിശോധന നടത്താനാണ് തീരുമാനം.
ദുബായ് വിമാനത്താവളത്തില്‍ പിസിആർ പരിശോധന നിർബന്ധമല്ലാതിരുന്ന യുകെയില്‍ നിന്നും എത്തുന്നവർക്കും പരിശോധന നടത്താന്‍ നിർദ്ദേശമുണ്ട്. യുകെയില്‍ നിന്നുമെത്തുന്നവർ യാത്രയ്ക്ക് 72 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലവും ഹാജരാക്കേണ്ടതുണ്ട്. ദുബായ് വിസക്കാരാണെങ്കില്‍ ജിഡിആർഎഫ്എ അനുമതിയും മറ്റ് എമിറേറ്റിലുളളവരാണെങ്കില്‍ ഐസിഎ അനുമതിയും ആവശ്യമാണ്.