യുഎഇ അടയാളപ്പെടുത്തിയ 2021

യുഎഇ അടയാളപ്പെടുത്തിയ 2021

ദുബായ്: 2021 ന്‍റെ താളുകള്‍ മറിയുമ്പോള്‍ കോവിഡിനെ പ്രതിരോധിച്ച വഴികളും എക്സ്പോ 2020 യും സുപ്രധാനമായ മറ്റ് പ്രഖ്യാപനങ്ങളുമായി സജീവമായിരുന്നു യുഎഇയുടെ കഴിഞ്ഞുപോയ നാളുകള്‍. യുഎഇയെന്ന രാജ്യം 50 വ‍ർഷം പൂർത്തിയാക്കിയ സുവർണ ജൂബിലി വർഷമാണ് കടന്നുപോയത്.

2021 പിറന്നത് തന്നെ ചരിത്രമെഴുതിയാണ്. ഐക്യവും സ്ഥിരതയും ലക്ഷ്യമിട്ട്, ഖത്തറുമായുളള ഉപരോധം അവസാനിപ്പിച്ച് അല്‍ ഉല കരാർ പിറന്നത് ജനുവരിയില്‍. 41 മത് ജിസിസി ഉച്ചകോടിയില്‍ ഖത്തറുമായുളള ഉപരോധം അവസാനിപ്പിച്ചു കൊണ്ടുളള 'അല്‍ ഉല' കരാറില്‍ യുഎഇ , ബഹ്റിന്‍, ഈജിപ്ത് രാജ്യങ്ങളാണ് ഒപ്പുവച്ചത്. പുതിയ പ്രകാശമുളള അധ്യായം തുടങ്ങുകയാണെന്നായിരുന്ന കരാറിനോടുളള യുഎഇ വിദേശകാര്യമന്ത്രിയുടെ ട്വീറ്റിലൂടെയുളള പ്രതികരണം. 2017 ജൂൺ 6 മുതൽ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഖത്തർ ഉപരോധത്തോടെ മുറിഞ്ഞ നയതന്ത്ര ബന്ധമാണ് 2020 ല്‍ പുനസ്ഥാപിക്കപ്പെട്ടത്. ഇത് ഗള്‍ഫ് മേഖലയ്ക്ക് നല്‍കിയ ഉണർവ്വ് ചെറുതല്ല.


ലോകം മുഴുവന്‍ കാത്തിരുന്ന ദുബായ് എക്സ്പോ 2020യ്ക്ക് തുടക്കമായത് സെപ്റ്റംബ‍ർ 30 ന്. പ്രൗഢഗംഭീരമായി നടന്ന ഉദ്ഘാടനചടങ്ങില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ലോകത്തെ എക്സ്പോയിലേക്ക് ക്ഷണിച്ചു. കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളോടെയായിരുന്നു എക്സ്പോയ്ക്ക് തുടക്കമായത്. ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഉദ്ഘാടനചടങ്ങിന് ശേഷം ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി എക്സ്പോ 2020. കോവിഡില്‍ നിന്നുളള ഉയിർത്തെഴുന്നേല്‍പായിരുന്നു എക്സ്പോയെന്നുളളതിന് അവിടേക്ക് എത്തുന്ന ജനസാഗരം തന്നെ സാക്ഷി.

വാരാന്ത്യ അവധിയില്‍ യുഎഇ വരുത്തിയ മാറ്റമാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. വെള്ളിയാഴ്ചയിലെ വാരാന്ത്യ അവധി ആഗോള രീതിയ്ക്ക് അനുസരിച്ച് ശനിയും ഞായറുമാക്കാന്‍ യുഎഇ ഭരണാധികാരികള്‍ തീരുമാനിച്ചു. പുതിയ വർഷത്തില്‍ പുതിയ വാരാന്ത്യ അവധിക്കനുസരിച്ചാകും യുഎഇയുടെ ദിനചര്യകള്‍.

യുഎഇയിലെ വിദേശികളായ വിദ്യാർത്ഥികള്‍ക്ക് കുടുംബത്തെ സ്പോണ്‍സർ ചെയ്യാന്‍ സാധിക്കുമെന്നുളള തീരുമാനവും പ്രഖ്യാപിക്കപ്പെട്ടത് 2021 ല്‍. 18 വയസ്സ് പൂർത്തിയായ പ്രവാസി വിദ്യാർഥികൾക്ക് , സാമ്പത്തിക നില അനുവദിക്കുകയാണെങ്കില്‍, തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള വിസയാണ് അനുവദിക്കുകയെന്നും തീരുമാനം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.

യുഎഇയില്‍ ഇസ്രായേല്‍ എംബസി തുറന്നത് ജനുവരി അവസാനവാരം. യുഎഇയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു ഇത്. മിഷന്‍ ഹെഡ് ഈതാന്‍ നഹെയുടെ വരവോടെയാണ് ഔദ്യോഗികമായി എംബസി തുറന്നത്. ഇസ്രായേലും യുഎഇയും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നീക്കം സഹായകരമാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നീക്കം. 2020 ല്‍ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം സാധാരണ നിലയിലായി നാലുമാസത്തിന് ശേഷമാണ് ചരിത്രപരമായ ഈ നീക്കമുണ്ടായത്. ഇസ്രായേലിലെ ടെല്‍ അവീവില്‍ എംബസി സ്ഥാപിക്കാന്‍ യുഎഇ നേരത്തെ അനുമതി നല്‍കിയിരുന്നു.


യുഎഇയുടെ ആകാശം ചുവന്ന വ‍ർഷം കൂടിയായിരുന്നു 2021. അറബ് ലോകത്തിന്‍റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടി യുഎഇയുടെ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിയത് 2021 ഫെബ്രുവരി ആദ്യവാരം. 2020 ജൂലൈ 21 നാണ് ജപ്പാനിലെ താനെഗാഷിമയില്‍ നിന്ന് ഹോപ് പ്രോബ് വിക്ഷേപിച്ചത്. ഭ്രമണപഥത്തിലെത്തിയതോടെ ചൊവ്വയെ തൊട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി യുഎഇ ഇടം പിടിച്ചു.ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും എംബിആർ സ്പേസ് സെന്‍ററിലെത്തിയാണ് ചരിത്ര നേട്ടത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

ഗോള്‍ഡന്‍ വിസ അപേക്ഷകർക്കായി ആറ് മാസത്തേക്കുളള വിസ അനുവദിച്ച് യുഎഇ പ്രഖ്യാപനം നടത്തിയത് ഏപ്രിലില്‍. ഒരു തവണയെടുത്താല്‍ ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാന്‍ സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

അബുദബിയിലെ ബറാക്ക ആണവോർജ്ജ നിലയത്തില്‍ വാണിജ്യ ഉത്പാദനം ആരംഭിച്ചതും 2021 ഏപ്രില്‍ ആദ്യവാരത്തില്‍.. 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് വാണിജ്യ ഉത്പാദനം ആരംഭിച്ചിട്ടുളളത്.ഗള്‍ഫ് മേഖലയില്‍ ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ രാജ്യമായി ഇതോടെ യുഎഇ മാറി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഹൃസ്വസന്ദ‍ർശനത്തിനായി യുഎഇയിലെത്തിയത് ഏപ്രില്‍ രണ്ടാം വാരം. യുഎഇയും ഇന്ത്യയും തമ്മിലുളള ചരിത്രബന്ധത്തെ കുറിച്ചടക്കമുളള കാര്യങ്ങള്‍ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചർച്ചയില്‍ വിഷയമായി. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ-വാണിജ്യബന്ധങ്ങളില്‍ കൂടുതല്‍ സഹകരമുള്‍പ്പടെയുളള വിഷയങ്ങളും ചർച്ചയില്‍ ഉയർന്നുവന്നു.
കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് നിരോധനം വന്നത് ഏപ്രിലില്‍. ഓഗസ്റ്റ് വരെ നീണ്ടുനിന്ന വിമാനവിലക്കില്‍ നിരവധി പേരാണ് വലഞ്ഞത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ ലക്ഷ്യം നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള 30 രാജ്യങ്ങളിലെ അശരണരിലേക്കാണ് റമദാനില്‍ യുഎഇയുടെ കാരുണ്യഹസ്തമെത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ കാരുണ്യത്തിന്‍റെ തെളിനീരായി യുഎഇയുടെ കാരുണ്യസ്പർശമെത്തിയത് ലക്ഷകണക്കിന് നിസ്സഹായരിലേക്കാണ്.

ഐപിഎല്‍ ആരവങ്ങളിലേക്ക് യുഎഇ കടന്നത് 2021 സെപ്റ്റംബറില്‍. കോവിഡ് സാഹചര്യത്തിലും സുരക്ഷിതമായി ഐപിഎല്‍ നടത്തി കായികലോകത്തും താരമായി യുഎഇ.
ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ നിരീക്ഷണ ചക്രം സന്ദർശകർക്കായി തുറന്നുകൊടുത്തത് ഒക്ടോബർ 21 ന്. ബ്ലൂ വാട്ടേഴ്സ് ഐലന്‍റ് എന്ന മനുഷ്യ നിർമ്മിത ദ്വീപിലാണ് ഐന്‍ ദുബായ് സ്ഥാപിച്ചിട്ടുളളത്. 2016 ലാണ് ഐന്‍ ദുബായുടെ നിർമ്മാണം ആരംഭിച്ചത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ഹമദ് ല്‍ താനിയുമായി കൂടികാഴ്ച നടത്തിയത് ഓഗസ്റ്റ് അവസാന വാരം. മധ്യ പൂർവ്വ ദേശത്തെ രാജ്യനേതാക്കളുടെ കൂട്ടായ്മയിലായിരുന്നു ഇരു നേതാക്കളും കണ്ടത്.മധ്യപൂർവ്വദേശത്തെ സമാധാനമെന്ന എന്ന ലക്ഷ്യത്തോടെ ഇറാഖും ഫ്രാൻസും ചേർന്ന് ആതിഥേയത്വം വഹിച്ച ഒരു പ്രാദേശിക ഉച്ചകോടിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടികാഴ്ച നടത്തിയത്.

സഹോദരന്‍ തമീം, കൂട്ടുകാരന്‍, ബന്ധുക്കളായ ഖത്തറികള്‍, ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ കുറിച്ചു. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമൃദ്ധിക്കും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ടെലഫോണില്‍ ചർച്ച നടത്തിയത് സെപ്റ്റംബർ ആദ്യവാരം.കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.

.യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ നിർദ്ദേശപ്രകാരം രാജ്യത്തെ തൊഴില്‍ നിയമം പുതുക്കിയത് നവംബർ രണ്ടാം വാരത്തില്‍. മനുഷ്യ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ ഫെഡറൽ ഉത്തരവ് പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 2 മുതലാണ് പുതിയ നിർദ്ദേശങ്ങള്‍ പ്രാബല്യത്തിലാവുക.

പ്രൊബേഷന്‍ ആറുമാസത്തില്‍ കൂടരുതെന്നാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത്​ നിയമം തടയുന്നു ഒരു ബിസിനസ്​ സ്​ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക്​ മാറാൻ തൊഴിലാളിക്ക്​ അനുവാദം ലഭിക്കും. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമം അവരെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുളള ഘടകളെ പ്രോത്സാഹിപ്പിക്കുന്നു.

വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത്​ തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു. യുഎഇയിലെ സ്വദേശീകളുടെ പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുന്നത് നിയമം പ്രാമുഖ്യം നല്‍കുന്നു. 

ദുബായ് ഫിറ്റ്നസ് ചലഞ്ച്, മിറക്കിള്‍ ഗാർ‍ഡന്‍, ഗ്ലോബല്‍ വില്ലേജ് അങ്ങനെയങ്ങനെ പ്രതീക്ഷകളും അവസരങ്ങളും അവസാനിക്കാത്ത രാജ്യം വീണ്ടും ആഘോഷങ്ങളുടെ നടുവിലാണ്. എത്തിഹാദ് റെയില്‍ പദ്ധതിയും കോപിനും മ്യൂസിയം കോണ്‍ഫറന്‍സിനും വേദിയാകുന്നതുമുള്‍പ്പടെ മുന്നോട്ട് കുതിക്കുകയാണ് യുഎഇ. 2022 ലേക്ക് ചുവടുവയ്ക്കുമ്പോള്‍ ശാസ്ത്ര സാങ്കേതിക വികസന രംഗത്ത് പുതിയ പ്രതീക്ഷകള്‍ തന്നെയാണ് യുഎഇയ്ക്കുളളത്. ചൊവ്വയിലെ മനുഷ്യവാസത്തിനായുളള മുന്നൊരുക്കങ്ങള്‍, ശുക്രനിലേക്കുളളയാത്ര, ബഹിരാകാശത്തേക്കുളള യാത്രയുടെ അടുത്തഘട്ടം, ശാസ്ത്രത്തില്‍ പുതിയ ആകാശം തേടുകയാണ് യുഎഇ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.