ബീജിങ്: മരണ താണ്ഡവവുമായി ചൈനയില്‍ നിന്നു പുറപ്പെട്ട കോറോണ വൈറസ് പുതിയ വകഭേദങ്ങളോടെ ലോകത്തുടനീളം അശാന്തി പരത്തുന്നു 2022 ലും. ഇടയ്ക്ക് കോവിഡിനെ തുരത്തിയെന്ന വിമോചന ഗാഥ പാടിയിട്ടും ചൈനയുടെ സ്ഥിതി ദയനീയമായി തുടരുന്നു. രോഗ വ്യാപനം തടയാന്‍ ചൈന കടുത്ത നടപടികളിലേക്ക് വീണ്ടും നീങ്ങി. ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ ഭക്ഷണത്തിനും സഹായത്തിനുമായി നില വിളിക്കുന്നു. പട്ടിണി കിടക്കുന്നവര്‍ നവമാധ്യമങ്ങളിലൂടെ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ലോകത്തെ അറയിച്ചുകൊണ്ടിരിക്കുന്നു.
ദേശീയ ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ച ക്ലിനിക്കല്‍ ലക്ഷണങ്ങളുള്ള 175 പുതിയ സാമൂഹിക അണുബാധകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. 13 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ സിയാനിലെ വടക്കുപടിഞ്ഞാറന്‍ വ്യാവസായിക, സാങ്കേതിക കേന്ദ്രത്തില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതാണ് കുതിച്ചുചാട്ടത്തിന് കാരണമായത്. 10 ദിവസത്തേക്ക് പൂട്ടിയിരിക്കുകയാണ് നഗരം. വൈറസ് വ്യാപനത്തിനെതിരെ ഷാങ്സി പ്രവിശ്യയുടെ തലസ്ഥാനം 'ഇപ്പോഴും കടുത്ത യുദ്ധം നേരിടുന്നു' എന്നും ഇതുവരെ ഒരു വഴിത്തിരിവു ദൃശ്യമല്ലെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന ഡെയ്ലി അറിയിച്ചു.
സിയാന്‍ പ്രിശ്യയില്‍ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി ബസ്സ്റ്റേഷനുകള്‍ അടച്ചിട്ടു. പുറത്തേക്കുള്ള വിമാന സര്‍വ്വീസ് റദ്ദു ചെയ്തു. കൊറോണ വ്യാപനം ശൈത്യകാല ഒളിംമ്പിക്സിനെയും പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഏഴ് ദിവസ കാലയളവില്‍ പ്രാദേശിക കൊറോണ വൈറസ് കേസുകളുടെ ഏറ്റവും വലിയ കണക്കാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. നിലവിലെ രോഗികളുടെ എണ്ണം 1,31,300 കവിഞ്ഞു. മരണ സംഖ്യ 5699 ആയി ഉയര്‍ന്നിട്ടുണ്ട്.
സിയാന്‍ പ്രവിശ്യയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാതെ വലിയ വിഷമത്തിലാണ്.സിയാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ ഭക്ഷണം കിട്ടാത്തതിനാല്‍ പൊലീസിനെതിരെ ചൂടാവുന്ന വീഡിയോ ഒരാഴ്ചയായി പ്രചരിക്കുന്നുണ്ട്.'ഞങ്ങള്‍ 13 ദിവസമായി ലോക്ഡൗണിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാണെ'ന്ന് വിലപിക്കുന്ന വീട്ടമ്മയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.' പച്ചക്കറിക്കായി മൂന്നും നാലും മണിക്കൂറാണ് വരിനില്‍ക്കുന്നത്. അതുപോലും ലഭിക്കുന്നില്ല.'
.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 1.3കോടിയിലേറെ ജനങ്ങളെയാണ് ചൈനയില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യം ഏര്‍പ്പെടുത്തിയത്. ഭക്ഷണം ഉള്‍പ്പെടെ അവശ്യസാധനത്തിനുപോലും പുറത്തുപോകാന്‍ കഴിയാതെ ദുരിതം പേറുകയാണ് ലക്ഷക്കണക്കിന് ജനങ്ങള്‍.സര്‍ക്കാര്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുവെന്ന് പറയുമ്പോഴും തങ്ങള്‍ക്ക് അത് ലഭിക്കുന്നില്ലെന്നാണ് നവമാധ്യമങ്ങളിലൂടെ ഇവര്‍ വെളിപ്പെടുത്തുന്നത്.
പട്ടിണിയുമായി ക്വാറന്റൈന്‍
രോഗത്തെ പ്രതിരോധിക്കാന്‍ സീറോ കോറോണ സ്ട്രാറ്റജിയുമായി രംഗത്ത് എത്തിയ ചൈനയില്‍ ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് സിയാന്‍ പ്രവിശ്യയില്‍ രൂപപ്പെട്ടത്. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ പുറത്തുപോയി ഭക്ഷണവും മറ്റ് വസ്തുക്കളും ശേഖരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ തിങ്കള്‍ മുതല്‍ നിയന്ത്രണം കടുപ്പിച്ചതോടെ കൊറോണ പരിശോധനയ്ക്കല്ലാതെ പുറത്തുപോകാന്‍ അനുവാദമില്ല.കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി ഭക്ഷണത്തിനും സഹായത്തിനും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്ത് എത്തി. സര്‍ക്കാര്‍ വിതരണം ചെയ്യുന്നതൊന്നും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
'സമീപ ജില്ലകളില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതായി സമൂഹമാദ്ധ്യമം വഴി അറിയാന്‍ സാധിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പലവ്യഞ്ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചെങ്കിലും കിട്ടുമെന്നതിന്റെ ഒരു ലക്ഷണവുമില്ല. പച്ചക്കറി പോലും കിട്ടിയിട്ട് നാളുകളായി'- സമൂഹമാദ്ധ്യമം വഴി ഒരാള്‍ അറിയിച്ചു. ' എന്റെ ജില്ലയില്‍ അവശ്യവസ്തുക്കള്‍ ഒന്നും കിട്ടുന്നില്ല, വല്ലപ്പോഴും കിട്ടുന്നതാവട്ടെ ഒന്നിനും തികയുന്നുമില്ല. ഞങ്ങള്‍ കുറെയാളുകള്‍ ഒരുമിച്ച് ഭക്ഷ്യസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. വില താങ്ങാനാവാത്തതാണ്.- മറ്റൊരു പരിദേവനം.
ഭക്ഷ്യവസ്തുക്കള്‍ കോംപൗണ്ടിന് പുറത്ത് എത്തിക്കുന്നു. വീട്ടിലേക്ക് അത് വിതരണം ചെയ്യാന്‍ സന്നദ്ധസേവകരെ ലഭിക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ അനുകൂല മാദ്ധ്യമം ഗ്ലോബല്‍ ടൈംസ് പറയുന്നത്. വിതരണക്കാര്‍ പലരും ക്വാറന്റൈനിലുമാണ്. ജീവനക്കാര്‍ പരിമിതമാണെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണം യഥാവിധി സാധ്യമാകുന്നില്ലെന്നും അധികാരികള്‍ തന്നെ കുറ്റസമ്മതം നടത്തുന്നുമുണ്ട്.
എന്നാല്‍ സിയാന്‍ പ്രവിശ്യയില്‍ ആവശ്യത്തിന് ഭക്ഷണം എത്തുന്നുണ്ട് എന്നാണ് വാണിജ്യമന്ത്രാലയം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഭക്ഷണത്തിന് കേഴുന്ന ജനതയുടെ ദൃശ്യം ലോകത്തിനു മുന്നില്‍ ചൈനയെ നാണംകെടുത്തിയതോടെ പഴം പച്ചക്കറികള്‍, മുട്ട, മത്സ്യം മാംസം എന്നിവ തരംതിരിക്കുന്ന ജോലിക്കാരുടെ പടം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ ആരോപണങ്ങളെ മറികടക്കുന്നത്.