അബുദാബി: യുഎഇയിൽ ജൂലൈ മാസം പെട്രോള്‍, ഡീസല്‍ വില ഉയരും. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ജൂലൈയില്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.70 ദിര്‍ഹമാണ് വില. ജൂണില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂൺ മാസത്തില്‍ 2.47 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ജൂലൈയില്‍ 2.51 ദിര്‍ഹമാണ് നിരക്ക്. ജൂണില്‍ ഇത് 2.39 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണിൽ 2.45 ദിര്‍ഹം ആയിരുന്നു.
ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ വില ഉയരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. 2015-ൽ യുഎഇ ഇന്ധന വില നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ആഗോള നിരക്കുകളുമായി ബന്ധപ്പെടുത്തുകയും ചെയ്തതു മുതൽ എല്ലാ മാസാവസാനവും പുതിയ നിരക്കുകൾ പ്രഖ്യാപിക്കാറുണ്ട്.