റോം: ഇറ്റലിയിലെ നേപ്പിള്‍സില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിന്റെ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത് വര്‍ണ്ണ മനോഹരമായതിനാലേറെ മറ്റൊരു കാരണത്താലാണ്. മേയറുടെ നിരോധന ഉത്തരവ് ജനങ്ങള്‍ ഏറെക്കുറെ ഒന്നടങ്കം മറികടന്ന് വെടിക്കെട്ടു നടത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ കാണിക്കുകയായിരുന്നു.
പുതുവര്‍ഷം പിറന്നയുടന്‍ നഗരത്തിലൊട്ടാകെയായി നടന്ന കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തത് ആയിരക്കണക്കിനു പേരാണ്.ആഘോഷങ്ങളോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നത് മേയര്‍ തെരേസ ഹെയ്റ്റ്മാന്‍ നിരോധിച്ചിരുന്നു. വെടിക്കെട്ടു സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും 500 യൂറോ പിഴ ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പുമുണ്ടായിരുന്നു. കൊറോണ വ്യാപന പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും മേയറുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് കാറ്റില്‍ പറത്തി വന്‍ കരിമരുന്ന് പ്രയോഗത്തോടെയാണ് നഗര ജനത പുതുവര്‍ഷത്തെ വരവേറ്റത്.

നഗരത്തിലെ എല്ലാ വീടുകളില്‍ നിന്നും വെടിക്കെട്ട് നടത്തിക്കൊണ്ട് മേയറുടെ തീരുമാനത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി അവര്‍. പുതുവര്‍ഷം പിറന്നയുടന്‍ ആകാശം ദൃശ്യമാകാന്‍ കഴിയാത്ത വിധം ബഹുവര്‍ണ്ണങ്ങള്‍ നിറഞ്ഞത് മനോഹര കാഴ്ചയായി. റോം, മിലാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും മേയര്‍മാര്‍ വെടിക്കെട്ട് നിരോധിച്ചിരുന്നെങ്കിലും അവിടെയൊന്നും കൂട്ടമായുള്ള അനുസരണക്കേടുണ്ടായില്ല.നെതര്‍ലാന്‍ഡ്‌സിലെ ജനങ്ങളും വെടിക്കെട്ടോടെ പുതുവത്സരത്തെ വരവേറ്റു.
https://twitter.com/i/status/1477349404365393920