നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നടി കത്തയച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതില്‍ നേരത്തെ ക്രിമിനല്‍ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു.

എന്നാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തില്‍ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

നേരത്തെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയോട് ഈ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.