ഇസ്ലാമാബാദ്: താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നു വെളിപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഞായറാഴ്ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും റെഹം ഖാന്‍ ട്വിറ്ററില്‍ അറിയിച്ചു. 'ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെ'ന്ന് ചോദിച്ച അവര്‍ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.
ബ്രിട്ടീഷ്-പാകിസ്താനി വംശജയും പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ റെഹം ഖാന്‍ 2015-ലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. പത്ത് മാസത്തിനുള്ളില്‍ ഇരുവരും വിവാഹമോചിതരായി.
'എന്റെ അനന്തരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിന് നേരെ വെടിയുതിര്‍ത്തു. എന്റെ പി.എസും ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും അവസ്ഥയിലേക്ക് സ്വാഗതം'- റെഹം ഖാന്റെ ട്വീറ്റ്്.
മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് ചെയ്ത ഫോളോ-അപ്പ് ട്വീറ്റില്‍, സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റെഹം ഖാന്‍ പറഞ്ഞു .' ഞാന്‍ മരണത്തെയോ പരിക്കിനെയോ ഭയപ്പെടുന്നില്ല, പക്ഷേ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് എനിക്ക് ആശങ്ക ഉണ്ട്,'- റെഹം ഖാന്‍ അറിയിച്ചു.അക്രമികള്‍ 25-30 വയസുള്ളവരാണെന്ന് അവര്‍ കരുതുന്നു.
https://twitter.com/RehamKhan1/status/1477851877933039616