ബാഗ്ദാദ് വിമാനത്താവളത്തെ ലക്ഷ്യമാക്കിയെത്തിയ സായുധ ഡ്രോണുകള്‍ തകര്‍ത്ത് സഖ്യ സേന

 ബാഗ്ദാദ് വിമാനത്താവളത്തെ ലക്ഷ്യമാക്കിയെത്തിയ സായുധ ഡ്രോണുകള്‍ തകര്‍ത്ത് സഖ്യ സേന

ബാഗ്ദാദ്: വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന രണ്ട് സായുധ ഡ്രോണുകള്‍ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം വെടിവച്ചിട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികഞ്ഞ വേളയിലാണ് സംഭവം.

ക്രൂയിസ് മിസൈലുകളുടെ അവതാരമെന്നു പറയാവുന്ന 'രണ്ട് ഫിക്സഡ് വിംഗ് സൂയിസൈഡ് ഡ്രോണുകള്‍' വഴി ബാഗ്ദാദ് എയര്‍പോര്‍ട്ടിനെ ആക്രമിക്കാന്‍ നടന്ന ശ്രമമാണ് തങ്ങള്‍ തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാഗ്ദാദ് ഡിപ്ലോമാറ്റിക് സപ്പോര്‍ട്ട് സെന്ററിലെ ഒരു കൗണ്ടര്‍ റോക്കറ്റ്, പീരങ്കികള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പ്രതിരോധ വെടിവയ്പ്പ്. വിമാനത്താവള കോമ്പൗണ്ടില്‍ വളരെ കുറച്ച് സഖ്യ സേനാംഗങ്ങളേ ഇപ്പോഴുള്ളൂ.

2020 ജനുവരി 3 ലെ യുഎസ് ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വിദേശ ഓപ്പറേഷന്‍ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായ സുലൈമാനിയും സായുധ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ഹാഷെദ് അല്‍-ഷാബി സഖ്യത്തിന്റെ ഉപനേതാവ് അബു മഹ്ദി അല്‍-മുഹന്ദിസും കൊല്ലപ്പെട്ടതുമായി വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിനു ബന്ധമുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 'കമാന്‍ഡര്‍മാര്‍ക്കായുള്ള പ്രതികാര പ്രവര്‍ത്തനങ്ങള്‍' എന്ന സന്ദേശം കണ്ടെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.