സനാ: നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താ മഹ്ദി. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെച്ചെന്ന ഉത്തരവ് പുറത്തു വരുന്നതിന് തൊട്ടു മുന്‍പാണ് തലാലിന്റെ സഹോദരന്‍ ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലും അദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.
അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പിലാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുന്നു. ഈ കേസിന്റെ ഭാഗമായി കുടുംബം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്നും അബ്ദുല്‍ ഫത്താ മഹ്ദി പറഞ്ഞു.
അതില്‍ തങ്ങള്‍ക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. എന്ത് തര്‍ക്കമായാലും അതിന്റെ കാരണങ്ങള്‍ എത്ര വലുതായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു എന്ന കാര്യം ഇന്നലെ പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് കേന്ദ്രം തയ്യാറായില്ല. യെമനിലെ സങ്കീര്‍ണമായ സാഹചര്യമാണ് ഇതിന് കാരണം. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.