ബീജിംഗ്: ആണവായുധങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതും ആണവ യുദ്ധം ഉണ്ടാകുന്നതും തടയാനുള്ള പ്രബല ആണവ ശക്തികളുടെ സംയുക്ത തീരുമാനത്തിനു പിന്നാലെ തങ്ങളുടെ ആണവായുധപ്പുര നവീകരിക്കുമെന്ന പ്രഖ്യാപനവുമായി ചൈന. അമേരിക്കയും റഷ്യയും ആണവായുധങ്ങള്‍ കുന്നുകൂട്ടുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു കമ്മ്യൂണിസ്റ്റ് രാജ്യം.
ചൈന, റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ആണവായുധങ്ങള്‍ക്കു നിയന്ത്രണം ആവശ്യമാണെന്ന സംയുക്ത തീരുമാനമെടുത്തത്. ഈ 5 രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ കൂടിയാണ്. ലോകത്തുള്ള ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. ഇതിനായി സുരക്ഷയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാജ്യങ്ങള്‍ നിരീക്ഷിച്ചു.
'ഒരു ആണവ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഒരിക്കലുമതില്‍ ഒരാളും ജയിക്കില്ല. അതു കൊണ്ടു തന്നെ, അത്തരമൊരു യുദ്ധം ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.' രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.1970-ല്‍ പ്രാബല്യത്തില്‍ വന്ന ആണവായുധ നിര്‍വ്യാപന ഉടമ്പടിയുടെ ഏറ്റവും പുതിയ അവലോകനത്തിന് ശേഷമാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ചൈനയും റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും, 'ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കുന്നതും തന്ത്രപരമായ അപകടസാധ്യതകള്‍ കുറയ്ക്കുന്നതും ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി' കാണുന്നതായി അഞ്ച് ലോകശക്തികള്‍ പറഞ്ഞു.
ഉക്രൈന്‍- റഷ്യ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക വിന്യാസങ്ങള്‍, യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി രൂക്ഷമായ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ലോകശക്തികളായ അമേരിക്കയും റഷ്യയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയാല്‍, അതൊരു ആണവയുദ്ധത്തില്‍ കലാശിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നതും ഈ സംയുക്ത തീരുമാനത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ജപ്പാനിലെ യുഎസ് ബോംബാക്രമണങ്ങളില്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ആണവായുധങ്ങളില്‍ നിന്ന് ഭാവിയില്‍ പൂര്‍ണ്ണമായ മോചനം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉള്‍ക്കൊള്ളുന്നതാണ് പ്രസ്താവന. യു.എന്‍.യുടെ കണക്കനുസരിച്ച്, മൊത്തം 191 രാജ്യങ്ങള്‍ ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍ ചേര്‍ന്നു. ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഓരോ അഞ്ച് വര്‍ഷത്തിലും അവലോകനം ചെയ്യപ്പെടുന്നു.
അണുബോംബാക്രമണം നേരിട്ട ലോകത്തിലെ ഏക രാജ്യമായ ജപ്പാനിലെ ആണവ വിരുദ്ധ പ്രചാരകര്‍ പ്രസ്താവനയെ സ്വാഗതം ചെയ്തു.'ലോകത്തിലെ ജനങ്ങളുടെ, പ്രത്യേകിച്ച് ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് അതിജീവിച്ചവരുടെയും അവിടത്തെ പൗരന്മാരുടെയും ദീര്‍ഘകാലമായുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമായതായി എനിക്ക് തോന്നുന്നു,' സമാധാന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഐക്യരാഷ്ട്രസഭയിലേക്ക് അയയ്ക്കുന്നതില്‍ ഉള്‍പ്പെട്ട പൗര സംഘത്തിനു നേതൃത്വം നല്‍കുന്ന 75-കാരനായ നൊബുട്ടോ ഹിറാനോ പറഞ്ഞു. ഈ നീക്കം 'പോസിറ്റീവായി' സ്വീകരിച്ച് ലോകം ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.