യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; ഇരുന്നൂറിലേറെ ഹൂതി ഭീകരര്‍ കൊല്ലപ്പെട്ടു

യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; ഇരുന്നൂറിലേറെ ഹൂതി ഭീകരര്‍ കൊല്ലപ്പെട്ടു

കെയ്റോ: യെമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ലേറെ ഹൂതി ഭീകരര്‍ കൊല്ലപ്പെട്ടു. 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്തതായി സൗദി സ്റ്റേറ്റ് ടിവി അറിയിച്ചു.

യെമന്‍ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം ഈ ആഴ്ച ആദ്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമന്റെ തലസ്ഥാനമായ സനയിലെ ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും സൗദി സ്റ്റേറ്റ് ടിവി വെളിപ്പെടുത്തി.

പ്രദേശത്തു നിന്നു വിട്ടുപോകാന്‍ സിവിലിയന്മാരെ പ്രേരിപ്പിച്ചശേഷമായിരുന്നു ആക്രമണം. ഡ്രോണുകളുടെ വര്‍ക്ക് ഷോപ്പുകളും വെയര്‍ഹൗസുകളും നശിപ്പിച്ചതായും സഖ്യം അവകാശപ്പെട്ടു.ഹൂതികള്‍ സൗദി അറേബ്യയുടെ ലക്ഷ്യസ്ഥാനത്തേക്ക് വിക്ഷേപിച്ച അഞ്ച് ഡ്രോണുകള്‍ സൗദി അറേബ്യന്‍ വ്യോമ പ്രതിരോധ വിഭാഗം തടഞ്ഞു നശിപ്പിച്ചിരുന്നുു.

സനയില്‍ നിന്ന് ഹൂതികള്‍ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം യെമന്‍ അക്രമത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. 2015 മാര്‍ച്ചില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെട്ടതു മുതല്‍ സൗദിയും ഇറാനും തമ്മിലുള്ള പ്രോക്‌സി യുദ്ധമാണുണ്ടായിട്ടുള്ളത്.

മാരിബിലും ശബ്വയിലുമായി 35 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ശബ്വയില്‍ 23 വ്യോമാക്രമണങ്ങളില്‍ 133 ഹൂതികളും മാരിബില്‍ 12 വ്യോമാക്രമണങ്ങളില്‍ 97 ഹൂതികളും കൊല്ലപ്പെട്ടതായി സൗദി സഖ്യ സേന അറിയിച്ചു.

അല്‍ബൈദായിലെ അല്‍ സവാദിയ സൈനിക ക്യാമ്പിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി.ഈ ആഴ്ച ആദ്യം സൗദിക്കുനേരെ ഹുതികളുടെ അഞ്ച് ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. ലക്ഷ്യത്തിലെത്തും മുമ്പ് ഇവ സഖ്യസേന തകര്‍ത്തായി സേനാ വക്താവ് അറിയിച്ചു.

യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ അയച്ചതെന്നു വക്താവ് പറഞ്ഞു. സൈന്യം തകര്‍ത്ത ഡ്രോണുകളുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. അതിര്‍ത്തി നഗരമായ നജ്‌റാനെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണശ്രമം. തായ്ഫിനെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണശ്രമമുണ്ടായത്.

യെമനിലെ മദ്ധ്യമേഖല പ്രവിശ്യയായ മാരിബിലെ അല്‍-ബലാക് അല്‍-ഷക്രി എന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 160 ഹൂതി ഭീകരരെ വധിച്ചതായാണ് സൗദി ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടിവി അറിയിച്ചത്. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച് ഹൂതി മാദ്ധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.