മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു; എം. ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്

മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു; എം. ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുസബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഇതോടെ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി. ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സര്‍വീസിലേക്ക് തിരികെ എത്തുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടിയെന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹത്തിന്റെ തസ്തിക സംബന്ധിച്ച കാര്യത്തില്‍ പിന്നീടായിരിക്കും തീരുമാനമുണ്ടാകുക.

ചൊവ്വാഴ്ചയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഈ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധി 2021 ജൂലൈ പതിനഞ്ചിന് അവസാനിച്ചെങ്കിലും ഇതിന് മുന്‍പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് നീട്ടുകയായിരുന്നു.

2023 ജനുവരി സര്‍വീസ് കാലാവധി അവശേഷിക്കുന്ന ശിവശങ്കര്‍ വീണ്ടും നിര്‍ണായക പദവികളിലേക്ക് എത്തുമെന്നാണ് സൂചന. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട പദ്ധതികളെയും സ്വപ്ന പദ്ധതികളെയും മുന്നില്‍ നിന്ന് നയിച്ചത് അദ്ദേഹമാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ട് നിയമിക്കാന്‍ ഇടപെട്ടത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്തായിരുന്നു രണ്ടാമത്തെ സസ്‌പെന്‍ഷന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.