കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കി പോലീസ്. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.
ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ ഫോണ്‍ അടക്കമുള്ള തൊണ്ടി മുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനായി പോലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
അതേസമയം കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ യാത്രകളും ടെലിഫോണ്‍ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.