തിരുവന്തപുരം: ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍. സര്‍ക്കാരിന് നന്ദി പറഞ്ഞ അദേഹം ക്രമസമാധാന പാലനം ഏറ്റവും നന്നായി നടക്കുന്നത് കേരളത്തിലാണെന്നും ക്രമസമാധാനം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവാഡാ ചന്ദ്രശേഖര്‍. ഗുണ്ട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റം സൗഹാര്‍ദ പൂര്‍ണമാകും. പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും റവാഡ ചന്ദ്രശേഖര്‍ ഉറപ്പ് നല്കി.
വാര്‍ത്താ സമ്മേളനത്തിനിടെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പരാതിയുമായെത്തി. പിന്നീട് പരിശോധിക്കാമെന്ന് റവാഡ ചന്ദ്ര ശേഖര്‍ അറിയിച്ചു. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് മറുപടിയില്ലെന്ന് അദേഹം പറഞ്ഞു. ഇന്ന് രാവിലെ ഏഴോടെയാണ് സംസ്ഥാന പൊലീസ് മേധാവിയായി അദേഹം ചുമതലയേറ്റത്.