പ്യോങ്യാങ്:സ്വന്തം കൈപ്പടയെ ഭയന്ന് ഉത്തര കൊറിയന്‍ ജനത. തനിക്കെതിരെ വന്ന അശ്‌ളീല ചുവരെഴുത്തിനു പിന്നിലെ കുറ്റവാളിയെ കണ്ടെത്താന്‍ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്‍ പൗരന്മാരുടെ കൈപ്പട പരിശോധന ആരംഭിച്ചതോടെയാണിത്.
രാജ്യത്ത് വിവിധ തരത്തിലുള്ള ശിക്ഷകള്‍ നടപ്പിലാക്കിക്കൊണ്ട് ജനങ്ങളെ വിറപ്പിക്കുന്നയാളാണ് കിം ജോങ് ഉന്‍. തനിക്കെതിരെ സംസാരിക്കുന്നവരെ തടവിലടയ്ക്കുക, കൊറോണ ബാധിച്ചവരെ വെടിവെച്ച് കൊല്ലുക, എന്നിങ്ങനെ വിചിത്രമായ ശിക്ഷാ രീതിയാണ് ഉത്തര കൊറിയയില്‍ കിം നടപ്പിലാക്കുന്നത്. ഇതിനിടെയാണ് കൈപ്പട പരിശോധിച്ചുള്ള അന്വേഷണ രീതിയുമായി വീണ്ടും നവമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
കിമ്മിനെതിരെ ചുമരില്‍ അസഭ്യമെഴുതിയയാളെ കണ്ടെത്താനുള്ള അന്വേഷണം രാജ്യ വ്യാപകമായാണരങ്ങേറുന്നത്. ഉത്തര കൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 22 ന് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.
ഇത് വിവാദമാകുമെന്ന് മനസിലായതോടെ അധികൃതര്‍ ചുവരെഴുത്ത് മായിച്ചു കളഞ്ഞു. എന്നാല്‍ ഇക്കാര്യം കിമ്മിന് ചാരന്മാര്‍ ചോര്‍ത്തി നല്‍കി. എഴുതിയയാളെ കണ്ടുപിടിക്കണമെന്നായി കിം. പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ കയ്യക്ഷരം പരിശോധിക്കുകയാണ് എന്ന് ഉത്തര കൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമ വാര്‍ഷികവും കിം ജോങ് ഇല്ലിന്റെ അമ്മ കിം ജോംഗിന്റെ ജന്മദിനവും ആചരിക്കവേയാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടതെന്നതിനാല്‍ കൂടുതല്‍ ഗൗരവതരമായി. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കോവിഡ് വ്യപനത്താല്‍ ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തി അടയ്ക്കലും മൂലം രാജ്യമെങ്ങും ക്ഷാമം രൂക്ഷമായ സമയത്താണ് ഈ കുറ്റകരമായ ചുവരെഴുത്തു വന്നത്.
2025 ല്‍ രാജ്യം ചൈനയുമായുള്ള അതിര്‍ത്തി വീണ്ടും തുറക്കുന്നതുവരെ ഭക്ഷണം കുറച്ച് കഴിക്കേണ്ടിവരുമെന്ന് ഉത്തര കൊറിയന്‍ നേതാവ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താന്‍ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. പക്ഷേ, ഫലമുണ്ടായില്ല.