കാബൂള്‍: തുണിക്കടകളിലെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീ രൂപത്തിലുള്ള പ്രതിമകളുടെ തലയറുത്ത് താലിബാന്‍. താലിബാന്‍ വിശ്വാസ പ്രകാരം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം പ്രതിമകളെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. പ്രതിമകളുടെ തല വെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആളുകള്‍ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. പെണ്‍പ്രതിമകളുടെ മുഖത്തേക്കു നോക്കുന്നതുപോലും താലിബാന്റെ നിയമപ്രകാരം തെറ്റാണെന്നു തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കര്‍ശനമാക്കിയത്. ഇവിടെയുള്ള തുണിക്കട ഉടമകളോട് കടകളില്‍ നിരത്തി വെച്ചിരിക്കുന്നു സ്ത്രീകളുടെ ബൊമ്മകളുടെ തലകള്‍ നീക്കം ചെയ്യണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.
പ്രതിമകള്‍ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് ഉത്തരവില്‍ വിട്ടുവീഴ്ച ചെയ്താണ് പെണ്‍പ്രതിമകളുടെ തലവെട്ടാന്‍ ധാരണയായത്. നിര്‍ദേശം അവഗണിക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സദ്ഗുണ പ്രചാരത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റില്‍ ഭരണം പിടിച്ചെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാന്‍ പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകള്‍ക്കും ജോലിക്കുപോകാനും കഴിയുന്നില്ല.
ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്‍മാര്‍ കൂടെയില്ലാത്ത സ്ത്രീകളെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ടുപോവരുതെന്ന് താലിബാന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.