തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ അവസാനിച്ച് സര്‍വീസില്‍ തിരിച്ചെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിനെ കായിക, യുവജനക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രതിചേര്‍ത്ത ശിവശങ്കര്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് അദ്ദേഹത്തെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ പ്രതി ചേര്‍ക്കുകയുമുണ്ടായി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയതും ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് രണ്ട് ദിവസം മുമ്പാണ് ഉത്തരവായത്. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാല്‍ ഇന്നലെ രാവിലെ അദ്ദേഹം സെക്രട്ടേറിയറ്റിലെത്തി ചീഫ്‌സെക്രട്ടറി വി.പി. ജോയ് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചു.
ഉച്ച കഴിഞ്ഞാണ് അദ്ദേഹത്തിന് ചുമതല നിശ്ചയിച്ചുള്ള ഉത്തരവിറങ്ങിയത്. ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.
കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല ഇപ്പോള്‍ വ്യവസായ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് അധികച്ചുമതലയായി വഹിച്ചു പോരുന്നത്. ഷര്‍മിള മേരി ജോസഫ് അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഹനീഷിന് അധികച്ചുമതല നല്‍കിയത്. അതാണിപ്പോള്‍ ശിവശങ്കറിന് കൈമാറി ഉത്തരവായത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ കീഴിലായാണ് ശിവശങ്കര്‍ പ്രവര്‍ത്തിക്കേണ്ടി വരിക.