ഒമിക്രോണ്‍ ഒട്ടും നിസാരമല്ല: വലിയ തോതില്‍ മരണങ്ങള്‍ക്കിടയാക്കും; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ ഒട്ടും നിസാരമല്ല:  വലിയ തോതില്‍ മരണങ്ങള്‍ക്കിടയാക്കും; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണിനെതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം തീവ്രത കുറഞ്ഞവയായി കാണരുതെന്നും ഇവ ആശുപത്രി വാസത്തിലേക്കും മരണത്തിലേക്കും നയിക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകുന്നതിനാല്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. ഇത് ലോകത്തിലെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം ലോകത്ത് 9.5 ദശലക്ഷം ആളുകള്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇപ്പോള്‍ 71 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു. ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധിക്കാലത്തെ കോവിഡ് പരിശോധനാ ഫലങ്ങള്‍, സ്വയം നടത്തുന്ന കോവിഡ് പരിശോധനാ ഫലങ്ങള്‍, ആരോഗ്യ വകുപ്പിന്റെ രേഖകളില്‍ ഇല്ലാത്ത കേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് വകഭേദങ്ങളെപ്പോലെ ഒമിക്രോണ്‍ ആളുകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. വാക്സിനുകള്‍ എല്ലായിടത്തും എത്തിച്ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമാണ്. സമ്പന്ന രാജ്യങ്ങള്‍ ഇനിയെങ്കിലും മറ്റ് രാജ്യങ്ങളുമായി വാക്സിന്‍ പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയില്‍ ആകെ 194 രാജ്യങ്ങളുള്ളതില്‍ 92 രാജ്യങ്ങള്‍ക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി. കോവിഡിന്റെ ഏറ്റവും അവസാന വകഭേദമായി ഒമിക്രോണിനെ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ മേധാവിയായ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.