ബ്രസീലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടുകളിലേക്ക് കൂറ്റന്‍ പാറ ഇടിഞ്ഞുവീണ് ഏഴു മരണം (വീഡിയോ)

ബ്രസീലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടുകളിലേക്ക് കൂറ്റന്‍ പാറ ഇടിഞ്ഞുവീണ് ഏഴു മരണം (വീഡിയോ)

ബ്രസീലിയ: വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്കു മുകളിലേക്ക് കൂറ്റന്‍ പാറ അടര്‍ന്നു വീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ്പിറ്റോലിയോ കാന്യോണിലാണ് ശനിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. ഫര്‍ണാസ് തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. മലയിടുക്കില്‍നിന്ന് കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൂറ്റന്‍ പാറയുടെ ഒരു ഭാഗം ബോട്ടുകള്‍ക്കു മീതേക്ക് അടര്‍ന്നുവീഴുന്നതും കൂറ്റന്‍ തിരമാലകള്‍ ഉയരുന്നതും വീഡിയോയില്‍ കാണാം. ബോട്ടുകളില്‍ നിറയെ വിനോദ സഞ്ചാരികളുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഏഴുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും ചെറിയ പരിക്കുകളോടെ 23-ലധികം പേര്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്രസീലിയന്‍ നാവികസേന അറിയിച്ചു. പ്രദേശത്ത് രണ്ടാഴ്ചയായി കനത്ത മഴയുണ്ടായിരുന്നു. ഇതായിരിക്കാം കാരണമെന്ന് അധികൃതര്‍ പറയുന്നു.

സ്ഥലത്തുണ്ടായിരുന്നവര്‍, ടൂറിസം ഏജന്‍സികള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാണാതായവരുടെ എണ്ണം കണക്കാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.