ലാഹോര്‍: പാകിസ്താനിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ അതിശൈത്യത്തില്‍ ഒന്‍പതു കുട്ടികളടക്കം 23 പേര്‍ മരിച്ചു. പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്കു മുകളിലേക്ക് ശക്തമായി മഞ്ഞുപതിച്ചാണ് ദുരന്തമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേര്‍ തണത്തുറഞ്ഞാണ് മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
ഇസ്ലാമാബാദില്‍നിന്ന് 64 കിലോമീറ്റര്‍ മാറി പാക്ക് പഞ്ചാബ് പ്രവിശ്യയിലാണ് രാജ്യത്തെ പ്രധാന ശൈത്യകാല വിനോദ സഞ്ചാര കേന്ദ്രമായ മുറേ. പര്‍വതപാതയിലുണ്ടായ ഗതാഗതക്കുരുക്കില്‍ വാഹനങ്ങളില്‍ പെട്ടുപോയ സഞ്ചാരികളാണ് മരിച്ചത്. താപനില എട്ട് ഡിഗ്രിയില്‍ താഴെയായ വെള്ളിയാഴ്ച രാത്രി ആയിരത്തോളം വാഹനങ്ങളാണ് പര്‍വതപാതയില്‍ കുടുങ്ങിയത്. മരണപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആറ് മക്കളും ഉള്‍പ്പെട്ടതായാണ് വിവരം.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പര്‍വത മേഖലയില്‍ അതിശൈത്യം തുടരുകയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലും പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നത്. മുറേ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ 1500 ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
മഞ്ഞു വീഴ്ച കാരണം വിനോദ സഞ്ചാര മേഖലകളിലൊന്നായി മാറിയ പ്രദേശമാണ് മുറേ. നിരവധി സഞ്ചാരികളാണ് എല്ലാ വര്‍ഷവും മഞ്ഞു വീഴ്ച ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. ഇത്തവണ സമാന രീതിയില്‍ നൂറു കണക്കിന് സഞ്ചാരികള്‍ പ്രദേശത്ത് എത്തിയിരുന്നു.
അപ്രതീക്ഷിതമായി വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തിയതോടെ മുറേ നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗത കുരുക്കുണ്ടായിരുന്നു. പ്രദേശത്ത് അവശ്യ സാധനങ്ങള്‍ക്ക് ജനങ്ങള്‍ പ്രയാസപ്പെടുന്നതായിട്ടാണ് വിവരം. സഞ്ചാരികള്‍ താമസിക്കുന്ന മിക്ക റിസോര്‍ട്ടുകളിലും പാചക വാതകം ഉള്‍പ്പടെയുള്ളവ തീര്‍ന്നിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും പ്രദേശത്തുണ്ട്.